VAYANASHALA 2.0

ഡിപ്ലോമ ഹോൾഡർമാർക്ക്  ഐടി കരിയറിലേക്ക് ഒരു  പാത 

കോവിഡ് പാൻഡെമിക്കിൻ്റെ തുടക്കത്തോടെ, ഐടി മേഖല ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, മറ്റ് മേഖലകൾ പൂജ്യമോ നെഗറ്റീവ് വളർച്ചയോ രേഖപ്പെടുത്തിയപ്പോഴാണ് ഐ.ടി മേഖല ഈ വേറിട്ട നേട്ടം കൈവരിച്ചത്. കോവിഡ് -19 സൃഷ്ടിച്ച അനിശ്ചിതത്വം മനുഷ്യ ചരിത്രത്തിൻ്റെ ഗതി തിരിച്ചുവിട്ടിരിക്കുകയാണ് . അക്കാദമിക്, തൊഴിൽ മേഖലകളെ ഇത് ബാധിച്ചു. ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് ഡിപ്ലോമ ഹോൾഡർമാരെയാണ്, ഇനിയും അവസാനിച്ചിട്ടില്ലാത്ത പാൻഡെമിക് ഈ ആഘാതം അടുത്ത കുറച്ച് വർഷത്തേക്കെങ്കിലും നിലനിൽക്കാൻ സാധ്യതയുണ്ട്.

അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള, വിജ്ഞാനത്തിന്റെയും തൊഴിലിന്റെയും സമന്വയം നിലനിർത്തുന്നതിന് സമകാലിക മാർഗങ്ങളെ അവലംബിക്കുകയാണ്. ഡിപ്ലോമ ഹോൾഡർമാരുടെ തൊഴിൽ അവസരങ്ങൾ ഉയർത്തുന്നതിനായി ഐ.ടി മേഖലയിലെ പ്രമുഖ വ്യവസായസ്ഥാപനവുമായി സഹകരിച്ച് നടത്തുന്ന പരിപാടിയാണ് ‘വായനശാല 2.O ‘ എന്ന പേരിൽ ഞങ്ങൾ വികസിപ്പിച്ചെടുത്ത നൂതന മോഡൽ.

ഐ.ടി വ്യവസായത്തിൽ ലഭ്യമായ തൊഴിലവസരങ്ങൾക്ക് നിരവധി ഡിപ്ലോമ ഹോൾഡർമാരും അനുയോജ്യരാണ്, എന്നാൽ മിക്കവാറും എല്ലാ ഐ.ടി സ്ഥാപനങ്ങളും ബിരുദമാണ് അടിസ്ഥാന തൊഴിൽ പ്രവേശന മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. ഐടി മേഖലയിലെ വിവിധ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഡിപ്ലോമ ഹോൾഡർമാരെ പ്രാപ്തരാക്കുന്നതിനും ഇവർ പ്രതിഭാധനരായ ഒരു റിസോഴ്സ് പൂൾ ആണെന്ന് തെളിയിക്കുന്നതിനുമായി, അസാപ് കേരള ഇത്തരത്തിലൊരു ആശയം രൂപപ്പെടുത്തുകയും നടപ്പിലാക്കാനായി മുന്നോട്ട് വരികയും ചെയ്യുന്നു.

ക്ലൗഡ് ഓപ്പറേഷനുകളിലും നോ-കോഡ് ഓപ്പറേഷനുകളിലും സൂക്ഷ്മ വൈദഗ്ധ്യം ഉള്ള കമ്മ്യൂണിറ്റികളെ കെട്ടിപ്പടുക്കുകയാണ് ഈ മോഡൽ ലക്ഷ്യമിടുന്നത്. ഈ കമ്മ്യൂണിറ്റി തുടക്കത്തിൽ ഒരു MNC-യിൽ ഇന്റേണുകളായി നിയമിക്കപ്പെടുകയും പ്രവൃത്തിപരിചയം നേടുന്നതിനുള്ള തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യും, അതിനുശേഷം ഈ MNC യിലൂടെ ഈ മാതൃകയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റുകളുടെ ഒരു ശൃംഖലയ്ക്ക് കൂടി ഇവരെ ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്ത്, ഈ മേഖലയ്ക്ക് അനുയോജ്യരായ യുവാക്കളുടെ വൈദഗ്ധ്യം ഐ.ടി വ്യവസായത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് കൈമാറ്റം ചെയ്യാനും, അതുവഴി അവർക്ക് വളർച്ച നേടാനും വിവിധ വ്യവസായ സ്ഥാപനങ്ങളിലൂടെ ഈ സൈക്കിൾ തുടർന്ന് പോകാനും പദ്ധതി വിഭാവനം ചെയ്യുന്നു.

ഒരു MNC യുടെ സഹായത്തോടെയാണ് ഈ പാഠ്യപദ്ധതി വികസിപ്പിച്ചിരിക്കുന്നത്, കൂടാതെ പ്രോഗ്രാമിനായി തൊഴിൽ രഹിതരായ 40 പോളിടെക്‌നിക് ബിരുദധാരികളുടെ ഒരു ലിസ്റ്റ് ക്രോഡീകരിക്കാനും ASAP കേരള സഹായിക്കുന്നു.

ഞങ്ങളുടെ കാഴ്ചപ്പാടും ലക്ഷ്യവും

  • ഗിഗ് എക്കണോമിയിൽ ഫ്രീലാൻസർമാരായി പ്രാദേശിക കമ്മ്യൂണിറ്റികളിലെ യോഗ്യരായ അംഗങ്ങളെ പരിശീലിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുക. 
  • താഴെത്തട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
  • വിവിധ പ്രവർത്തന മേഖലകളിലെ മൈക്രോ ടാസ്‌ക്കുകൾ ഈ ഫ്രീലാൻസർമാർക്ക് ഔട്ട്‌സോഴ്‌സ് ചെയ്യാനും സാമ്പത്തിക നേട്ടം നേടാനും സഹായിക്കുക 

വായനശാല 2.0യിൽ ആർക്കൊക്കെ പങ്കെടുക്കാം?

  • 2020/ 21 ൽ പഠനം പൂർത്തിയാക്കിയ, തൊഴിൽ രഹിതരായ കേരളത്തിലെ പോളിടെക്‌നിക്കുകളിൽ നിന്നും  കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ പൂർത്തിയാക്കിയവർക്ക്  പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി ഒരു ഓൺലൈൻ മൂല്യനിർണ്ണയവും തുടർന്ന് ഒരു ഗ്രൂപ്പ് ചർച്ചയും നടത്തും, കൂടാതെ ഓരോ ഘട്ടത്തിലും ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടായിരിക്കും.

വായനശാല 2.0 പരിശീലനം

  • തെരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാർത്ഥികൾ സോഫ്റ്റ് സ്‌കിൽസ്, ടീം ബിൽഡിംഗ് ആക്‌റ്റിവിറ്റികൾ എന്നിവയിൽ നിർബന്ധമായും അഞ്ച് ദിവസത്തെ പ്രീ-ട്രെയിനിംഗ് നടത്തേണ്ടതുണ്ട്.
  •  ദിവസേന രണ്ടോ മൂന്നോ മണിക്കൂർ ആയിരിക്കും പ്രീ ട്രെയിനിംഗ്
  • ഗിഗ് സ്‌കിൽ ഡെവലപ്‌മെന്റ് ട്രെയിനിംഗ് 8-12 ആഴ്ച നീണ്ടുനിൽക്കും, പരിശീലനത്തിന് ശേഷം ഉദ്യോഗാർത്ഥികളെ മൂന്ന് മാസത്തേക്ക് ഇന്റേൺമാരായി വിന്യസിക്കും.
  • ഒരു പ്രമുഖ എം.എൻ.സിയിൽ ക്ലൗഡ് ഓപ്പറേഷനുകളിലും നോ-കോഡ് ഓപ്പറേഷനുകളിലും ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരം നൽകും.